Society Today
Breaking News

തിരുവനന്തപുരം: കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് കൂടുതല്‍ വേഗത നല്‍കുന്ന കെഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. സുശക്തമായ ഫൈബര്‍ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക.ഇന്ന് വൈകുന്നേരം നാലിന് നിയമസഭാ കോംപ്ലക്‌സിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ വേണുഗോപാല്‍ കെഫോണ്‍ കൊമേഷ്യല്‍ വെബ് പേജും തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയിലുള്ള മന്ത്രി എം.ബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെഫോണ്‍ മോഡം പ്രകാശനവും നിര്‍വഹിക്കും.ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത കെഫോണ്‍ ഉപഭോക്താക്കളോടും മുഖ്യമന്ത്രി സംവദിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നിവരുമായാകും മുഖ്യമന്ത്രി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തുക.കേരളത്തിന്റെ ഡിജിറ്റലൈസേഷനില്‍ നാഴികക്കല്ലാണ് കെഫോണെന്ന് കെഎസ്‌ഐടിഎല്‍ ആന്റ് കെഫോണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു  പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുക, സര്‍ക്കാര്‍ ഓഫീസുകളും വീടുകളുമുള്‍പ്പടെ കേരളത്തിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്റര്‍നെറ്റ് വിപ്ലവം കെഫോണ്‍ പദ്ധതി സജ്ജമാകുന്നതോടെ കൂടുതല്‍ മുന്നേറ്റം കൈവരിക്കും. എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോകത്തേക്ക് കടന്നുവരാനാവുന്നത് ഒരു സമൂഹത്തെ ഒന്നാകെ പുരോഗതിയിലേക്ക് നയിക്കുന്നതിന് കാരണമാകുമെന്നും അത്തരമൊരു ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രസ്ട്രക്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എംബിപിഎസ് വേഗതയില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.നിലവില്‍ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തീകരിച്ച് 26492 സര്‍ക്കാര്‍ ഓഫീസുകളില്‍ 17,354 ഓഫീസുകളില്‍ ഇന്റര്‍നെറ്റ് സേവനം ലൈവാണ്. ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന്‍ എത്തിക്കുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനാവശ്യമായ കേബിള്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരത്തിലധികം ഉപഭോക്താക്കള്‍ നിലവില്‍ കെഫോണിനുണ്ട്.  2023 ഓഗസ്‌റ്റോടുകൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വണിജ്യ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി പദ്ധതി ലാഭത്തിലാക്കാന്‍ സാധിക്കുമെന്ന് കെഫോണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Top